ദുബായ് സി. എസ്. ഐ. ഇടവകയുടെ ഈ വർഷത്തെ വാർഷിക കുടുംബ സംഗമം (Annual Get Together) ജനുവരി 21 ആം തീയതി ശനിയാഴ്ച വൈകിട്ട് 7 മണി മുതൽ ദുബായ് സെൻറ് തോമസ് ഓർത്തോഡോക്സ് കത്തീഡ്രൽ ഹാളിൽ വെച്ച് സമുചിതമായി ആഘോഷിക്കുകയുണ്ടായി.
ഇടവക വികാരി, ബഹുമാനപ്പെട്ട ഷാജി ജേക്കബ് തോമസ് അച്ചൻറെ പ്രാർത്ഥനയോടുകൂടെ ആരംഭിച്ച കുടുംബ സംഗമത്തിൽ, സഭയിലെ വിവിധ സംഘടനകളും, ദുബായുടെ വിവിധഭാഗങ്ങളിൽ താമസിക്കുന്ന സഭാംഗങ്ങളും തങ്ങളുടെ കഴിവുകൾ വ്യത്യസ്തങ്ങളായ കലാപരിപാടികളിലൂടെ അവതരിപ്പിച്ചത് ഏറ്റവും ഹൃദ്യമായി. എല്ലാ അവതരണങ്ങളും ഒന്നിനൊന്ന് മെച്ചപെട്ടിരുന്നു എങ്കിലും സ്‌ത്രീജനസഖ്യം അവതരിപ്പിച്ച ഏകാങ്കനാടകവും, ഇടവക വികാരിയുടെ നേതൃത്വത്തിൽ അത്മായ സംഘടന അവതരിപ്പിച്ച വാദ്യഘോഷവും കൂടുതൽ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി.
തന്റെ അധ്യക്ഷ പ്രസംഗത്തിൽ റെവ. ഷാജി ജേക്കബ് തോമസ് അച്ചൻ, ഇത്തരം കൂടിവരവുകൾ നമ്മുടെ ആത്മീയജീവിതത്തെ പരിപോഷിപ്പിക്കുന്നതിനു ഉതകുന്നു എന്ന് ചൂണ്ടി കാട്ടി. നാം ജീവിക്കുന്ന ആധുനിക യുഗത്തിൽ, പ്രാർത്ഥനയുടെ ആവശ്യകതയോടൊപ്പം വിവിധകലാരൂപങ്ങളിലൂടെയും ദൈവത്തെ എങ്ങനെ മഹത്വപ്പെടുത്താം എന്ന് അദ്ദേഹം ഓർമിപ്പിച്ചു.
തദവസരത്തിൽ ദുബായ് സെൻറ് തോമസ് ഓർത്തോഡോക്സ് ഇടവക വികാരി ഫാദർ ബിനീഷ് ബാബു അച്ചൻ നൽകിയ ആശംസ പ്രസംഗത്തിൽ, ഇതുപോലെയുള്ള ഒത്തുചേരലുകളും കുടുംബസംഗമങ്ങളും സഭാംഗങ്ങളുടെ ഐക്യത്തെയും പരസ്പര സ്നേഹത്തെയും കൂടുതൽ ദൃഢമാക്കുന്നു എന്നത് സങ്കീർത്തനങ്ങൾ 133:1 ഉദ്ധരിച്ചുകൊണ്ട് ഊന്നി പറയുകയുണ്ടായി. ഐക്യതയിൽ ജീവിക്കുന്ന സഭ, മറ്റുള്ളവരുടെ ആവശ്യങ്ങൾ അറിഞ്ഞു പ്രവർത്തിക്കുമ്പോളാണ് ക്രിസ്തുവിന്റെ യഥാർത്ഥ മാതൃക പിൻപറ്റുന്നതെന്ന് അച്ചൻ പറഞ്ഞു.
300ൽ അധികം അംഗങ്ങൾ പങ്കെടുത്ത ഈ കുടുംബ സംഗമത്തിന് ശ്രീ. ജോയ് വിജയകുമാർ നേതൃത്വം നൽകി. വിജ്ഞാനവും വിനോദവും ഒരുപോലെ പകരുന്ന കുസൃതി ചോദ്യങ്ങളും അവയ്ക്കുള്ള ആകർഷകമായ സമ്മാനങ്ങളും പരിപാടിയുടെ മാറ്റ് വർധിപ്പിച്ചു. സെക്രട്ടറി ശ്രീ. എബി ജോൺ സ്വാഗതവും കൈക്കാരൻ ശ്രീ. സജി കെ. ജോർജ് നന്ദിയും അറിയിച്ചു. ഷാജിയച്ചൻറെ പ്രാർത്ഥനയ്ക്കും ആശിർവാദത്തിനും ശേഷം വിഭവ സമൃദ്ധമായ ഭക്ഷണത്തോടെ ഈ വർഷത്തെ വാർഷിക കുടുംബ സംഗമം ഏകദേശം 10 മണിയോടുകൂടി അവസാനിക്കുകയുണ്ടായി.
കോവിഡ് മഹാമാരിയുടെ പ്രതികൂലങ്ങൾ നിറഞ്ഞ ഒരു ഇടവേളയ്ക്കു ശേഷം ഇത്രയും വലിയ ഒരു കൂടിവരവിന് നമ്മെ ഒരുക്കിയ സർവശക്തനായ ദൈവത്തിനു നന്ദി കരേറ്റുന്നു. വൈസ് പ്രസിഡന്റ് ശ്രീ. ലിബിനി ഈസൻ ജോർജ് കൺവീനർ ആയി വിവിധ സംഘടനകളുടെ സഹകരണത്തോടെ ഏറ്റവും ഭംഗിയായി ക്രമീകരണങ്ങൾ ചെയ്തു എന്നുള്ളത് തികച്ചും അഭിനന്ദനാർഹമാണ്. പങ്കെടുത്ത എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ !!
Photo Gallery : https://www.csidubai.com/gallery/40/annual-get-together-2023
Video Playlist of programs : https://www.youtube.com/playlist?list=PLfKHV4UllEbBj6Sae38SNr_c1Lz7MMFy4